അബൂദബി: ടീമുകൾ കോടികളെറിഞ്ഞ് മത്സരിച്ച മണിക്കൂറുകൾക്ക് അവസാനം. ഐപിഎൽ 2026 സീസണിന് മുന്നോടിയായി നടന്ന മിനി ലേലത്തിൽ പത്ത് ഫ്രാഞ്ചൈസികൾ 77 താരങ്ങളെ സ്വന്തമാക്കി. ടീമുകൾ 25 അംഗ സ്ക്വാഡും പൂർത്തിയാക്കി. ലേലത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് കോൽക്കത്ത, ചെന്നൈ ടീമുകളാണ്.
ലേലത്തിൽ ഏറ്റവും വിലയേറിയ അഞ്ച് താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനാണ്. മൂന്ന് തവണ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 25.20 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്.
മുംബൈ ഇന്ത്യൻസ് ആണ് താരത്തിനെ ആദ്യം നോട്ടമിട്ടതെങ്കിലും ഗ്രീനിനെ കെകെആർ സ്വന്തമാക്കുകയായിരുന്നു. ഏറ്റവും വിലയേറിയ രണ്ടാമത് താരം ശ്രീലങ്കൻ പേസർ മതീഷ പതിരാനയായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് റിലീസ് ചെയ്ത താരത്തെ കെകെആർ 18 കോടിക്ക് സ്വന്തമാക്കി.
മൂന്നും നാലും സ്ഥാനങ്ങളിൽ ഇന്ത്യയുടെ അണ്‍ക്യാപ്ഡ് താരങ്ങളായ പ്രശാന്ത് വീറും കാർത്തിക് ശർമയും ഇടം നേടി. ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ അണ്‍ക്യാപ്ഡ് താരമെന്ന ചരിത്രം സൃഷ്ടിച്ചുകൊണ്ട് രണ്ടു പേരെയും സിഎസ്കെ 14.20 കോടി വീതം മുടക്കി സ്വന്തമാക്കി.
സണ്‍റൈസേഴ്സ് ഹൈദരാബാദ് 13 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയ മറ്റൊരു താരം.
ആദ്യ റൗണ്ടിൽ ലിവിംഗ്സ്റ്റണ് ആവശ്യക്കാരില്ലായിരുന്നെങ്കിലും പിന്നീട് ശക്തമായ വെല്ലുവിളിക്കൊടുവിൽ ഹൈദരാബാദ് താരത്തെ സ്വന്തമാക്കുകയായിരുന്നു.